Latest Viswasi Editorial : പുതിയ ആകാശവും പുതിയ ഭൂമിയും

കഴിഞ്ഞ ജനുവരി 21 ശനിയാഴ്ച മാതൃഭൂമി പത്രത്തില്‍ മുന്‍ നയതന്ത്ര പ്രതിനിധി ശ്രീ. ടി.പി. ശ്രീനിവാസന്‍ എഴുതിയ ട്രംപ് ഭ്രാന്തനോ സ്വപ്നജീവിയോ എന്ന ലേഖനത്തിലെ അവസാന ഖണ്ഡികയിലെ, ഇന്നുമുതല്‍ ലോകം മാറിയിരിക്കുവെന്നും ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഉദയം ചെയ്തിരിക്കുന്നുവെന്നും തീര്‍ച്ചയാണ് എന്ന വാചകമാണ് ഈ വരികള്‍ കുറിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

മാറിമാറി വരുന്ന നേതാക്കന്മാരിലൂടെ ലോകത്തിന് ഒരു മാറ്റമുണ്ടാകും എന്നുള്ള ചിന്തയാണ് ഈ വാചകമെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നുള്ളത് സത്യമാണെങ്കിലും അക്ഷരീകമായി പുതിയ ആകാശവും പുതിയ ഭൂമിയും നിര്‍മ്മിക്കുവാന്‍ കഴിയുന്നവന്‍ നാം സേവിക്കുന്ന യേശുക്രിസ്തു മാത്രമാണെന്ന് ലോകം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ലോകത്തില്‍ ഇന്നുള്ള പ്രധാന മതങ്ങള്‍ എല്ലാംതന്നെ വര്‍ത്തമാന ലോകത്തിന് അധികം താമസിക്കാതെ അന്ത്യം ഉണ്ടാകുമെന്നും ശോഭനസുന്ദരമായ പുതിയ ഒരു യുഗം പിറക്കുമെന്നും വിശ്വസിക്കുന്നു. മനുഷ്യനാല്‍ അല്ല, ദൈവത്താല്‍ തന്നെ സ്ഥാപിക്കപ്പെ ടുകയും ഭരിക്കപ്പെടുകയും ചെയ്യുന്ന കള്ളവും ചതിയും വേദനയും വെറുപ്പും വലിപ്പവും ചെറുപ്പവും വാശിയും മതവിദ്വേഷവും തീവ്രവാദവും വഴക്കുമില്ലാത്ത ഒരു പുതിയ ലോക വ്യവസ്ഥിതിയാണ് ഈ മതങ്ങള്‍ എല്ലാം തന്നെ വിഭാവനം ചെയ്യുന്നത്. എത്രയും വേഗം വാഗ്ദത്ത മശിഹ ലോകത്തില്‍ വന്ന് മോശ മുഖാന്തരം തങ്ങളുടെ പിതാക്കന്മാര്‍ക്ക് അവകാശമായി കൊടുത്ത വാഗ്ദത്ത ദേശം അഥവാ പാലും തേനും ഒഴുകുന്ന വിശുദ്ധഭൂമി ഇതര ജാതികളില്‍ നിന്നും രാഷ്ട്രങ്ങളില്‍ നിന്നും പിടിച്ചെടുത്ത് ശാശ്വത അവകാശമായി മടക്കിക്കൊടുക്കുമെന്നും നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടുകിടക്കുന്ന ആരാധന പുനസ്ഥാപിച്ച് മശിഹയുടെ കീഴില്‍ ഒരു ക്ഷേമരാഷ്ട്രമായി തങ്ങള്‍ വാഴുമെന്നും യഹൂദന്‍ വിശ്വസിക്കുന്നു.
ക്രിസ്തീയ വേദശാസ്ത്രപ്രകാരം വിശുദ്ധ വേദപുസ്തകത്തോടുള്ള ബന്ധത്തില്‍ മനുഷ്യന്‍റെ മരണം, മരണാനന്തര ജീവിതം, സ്വര്‍ഗ്ഗം, നരകം, കര്‍ത്താവായ യേശുക്രിസ്തു വിന്‍റെ പുനരാഗമനം, മരിച്ചവരുടെ പുനരുത്ഥാനം, സഭുടെ ഉല്‍പ്രാപണം, പീഡനകാലം, ആയിരമാണ്ട് വാഴ്ച, അന്ത്യന്യായവിധി, പുതിയ ആകാശം, പുതിയ ഭൂമി, നിത്യത എന്നീ വിഷയങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഉല്പത്തി മുതല്‍ വെളിപ്പാട് വരെ മനുഷ്യരോടുള്ള ദൈവിക ഇടപാടുകളെ ഏഴ് യുഗങ്ങളായി തിരിച്ചിരിക്കുന്നു. അവ നിഷ്കന്‍മഷ യുഗം, മനസാക്ഷിയുഗം, മാനുഷിക ഭരണയുഗം, വാഗ്ദത്തയുഗം, ന്യായപ്രമാണയുഗം, കൃപായുഗം, സഹസ്രാബ്ദയുഗം എന്നിവയാണത്. കൃപായുഗത്തിന്‍റെ അന്ത്യത്തിലാണ് മനുഷ്യന്‍ ഇന്ന് എത്തിനില്‍ക്കുന്നത്. ഇനി ലോകത്തില്‍ സംഭവിക്കുവാന്‍ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് കര്‍ത്താവിന്‍റെ വരവ്. അവന്‍റെ വരവിങ്കല്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ വിശുദ്ധന്മാരുടെ സംഘമായ ദൈവസഭ അവനോടുകൂടെ കടന്നുപോകും. അതിനുശേഷം ഈ ഭൂമിയില്‍ 7 വര്‍ഷത്തെ അന്തിക്രിസ്തുവിന്‍റെ പീഡനകാലമായിരിക്കും. ആ കാലത്തിനുശേഷം ആയിരം ആണ്ടേക്ക് സാത്താന്‍ കെട്ടപ്പെടുകയും ക്രിസ്തു ഈ ഭൂമിയില്‍ വാഴുന്ന സഹസ്രാബ്ദയുഗം ആരംഭിക്കുകയും ചെയ്യും. ആയിരമാണ്ട് കഴിയുമ്പോള്‍ സാത്താനെ തടവില്‍ നിന്ന് അഴിച്ചുവിടും. അവന്‍ ഭൂമിയിലെ നാലുദിക്കിലുള്ള ജാതികളായി സംഖ്യയില്‍ കടല്‍പുറത്തെ മണല്‍പോലെയുള്ള ഗോഗ്, മാഗോഗ് എന്നിവരെ യുദ്ധത്തിന് കൂട്ടിച്ചേര്‍ത്ത് ഭൂമിയില്‍ പരക്കെ ചെന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരമായ വിശുദ്ധനാടിനെയും വളയും. എന്നാല്‍ ആകാശത്ത് നിന്ന് തീയിറങ്ങി അവരെ ദഹിപ്പിച്ചുകളയും. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകതീപൊയ്കയിലേക്ക് തള്ളിയിടും. അവര്‍ എന്നേക്കും രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടി വരും (വെളിപ്പാട് 20:7-10). തീയാല്‍ നശിപ്പിച്ച ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും. അതിനുശേഷം ദൈവം ഒരു പുതിയ ഭൂമിയും പുതിയ ആകാശവും സൃഷ്ടിക്കും. ആ പുതിയ ഭൂമിയിലായിരിക്കും രക്ഷിക്കപ്പെട്ടവര്‍ തങ്ങളുടെ നിത്യത ചെലവഴിക്കുന്നത്. അതാണ് യഥാര്‍ത്ഥ സ്വര്‍ഗ്ഗം. ആ പുതിയ ഭൂമിയിലാണ് പുതിയ യെരുശലേം സ്ഥാപിക്കപ്പെടുന്നത്. അവിടെയാണ് തങ്കതെരുവീഥികളും പളുങ്കുകൊണ്ടുള്ള ഗോപുരങ്ങളും ഉണ്ടായിരിക്കുന്നത്.
പാപവും ശാപവും ഇല്ലാത്ത, രോഗവും മരണവും ഇല്ലാത്ത പുതിയ ഭൂമിയും പുതിയ ആകാശവും ആയിരിക്കും അത്. അവിടെ സ്ഥാപിക്കപ്പെടുന്ന പുതിയ യെരുശലേമിന് പൊക്കമുള്ള വന്‍മതിലും 12 ഗോപുരങ്ങളും ഗോപുരങ്ങളില്‍ 12 ദൂതന്മാരും ഉണ്ട്. യിസ്രയേല്‍ മക്കളുടെ 12 ഗോത്രങ്ങളുടെ പേരും അതില്‍ കൊത്തിയിരിക്കും. നഗരത്തിന്‍റെ മതിലിന് 12 അടിസ്ഥാനവും അതില്‍ കുഞ്ഞാടിന്‍റെ അപ്പൊസ്തലന്മാരുടെ പേര്‍ കൊത്തിയിരിക്കും. നഗരം സമചതുരമാണ്. അളവുകോല്‍ കൊണ്ടുള്ള നഗരത്തിന്‍റെ അളവ് 1200 നാഴിക. അതിന്‍റെ നീളവും വീതിയും ഉയരവും സമം തന്നെ. അതിന്‍റെ മതില്‍ 144 മുഴം. മതിലിന്‍റെ പണി സൂര്യകാന്തവും നഗരം സ്ച്ഛസ്ഫടികത്തിനൊത്ത തങ്കവും ആണ്. നഗരമതിലിന്‍റെ അടിസ്ഥാനങ്ങള്‍ ഓരോവിധ രത്നങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവ, സൂര്യകാന്തം, നീലരത്നം, മാണിക്യം, മരതകം, നഖവര്‍ണ്ണി, ചുമപ്പ്കല്ല്, പീതരത്നം, ഗോമേദകം, പുഷ്യരാഗം, വൈഡൂര്യം, പത്മരാഗം. സുഗന്ധികല്ല് എന്നിവയാണത്. 12 ഗോപുരവും 12 വിധ മുത്തുകള്‍ കൊണ്ടുള്ളതാണ്. നഗരവീഥി സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കമാണ്. നഗരത്തെ പ്രകാശിപ്പിക്കുവാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല. ദൈവതേജസ് അതിനെ പ്രകാശിപ്പിക്കും. കുഞ്ഞാട് അതിന്‍റെ വിളക്കാകുന്നു.
വേദപുസ്തകത്തില്‍ ആകാശം എന്ന വാക്ക് മേഘങ്ങളേയും ശൂന്യാകാശത്തേയും ദൈവസിംഹാസനത്തേയും കുറിക്കുന്നതാണ് എന്നത് നാം മറക്കുവാന്‍ പാടില്ല. അതുകൊണ്ട് വെളിപ്പാട് 21:1ല്‍ പറഞ്ഞിരിക്കുന്ന പുതിയ ആകാശം ഇവ എല്ലാം ഉള്‍പ്പെടുന്നവയാണെന്ന് നാം മനസ്സിലാക്കണം. ചുരിക്കിപറഞ്ഞാല്‍ ഈ അഖിലാണ്ഡത്തെ മുഴുവന്‍ പുതുതായി സൃഷ്ടിക്കുവാന്‍ കഴിവുള്ളവന്‍ സര്‍വ്വശക്തനായ ദൈവം മാത്രമാണ്.
സകലത്തിനും ഒരു പുതിയ ആരംഭം കുറിക്കുവാന്‍ ദൈവം തീരുമാനിച്ചിരിക്കുന്നു എന്നത് സത്യമായ കാര്യമാണ്. അന്ന് ദൈവം നമ്മോടുകൂടെ പുതിയ യെരുശലേമില്‍ എപ്പോഴും വസിക്കും. അതുവരെ നീതി അതിവസിക്കുന്ന ആ പുതിയ ഭൂമിക്കായി നമുക്ക് വിശുദ്ധിയോടെ നോക്കിപ്പാര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *