ഫെയ്ത്ത് ഫെല്ലോഷിപ്പ് ചര്‍ച്ച് 23-ാം ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

അടൂര്‍:- ഫെയ്ത്ത് ഫെലോഷിപ്പ് സഭയുടെ 23-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. 2017 മാര്‍ച്ച് 1 മുതല്‍ 5 വരെ അടൂര്‍ ലോഗോസ് ആഡിറ്റോറിയത്തില്‍ വച്ച് നടന്ന കണ്‍വന്‍ഷന്‍ മാര്‍ച്ച് 1 ന് വൈകിട്ട് 7 മണിക്ക് സഭാപ്രസിഡന്‍റ് പാസ്റ്റര്‍ എം. സാമുവല്‍കുട്ടി പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്തു. ദൈവജനം ദര്‍ശനം പ്രാപിച്ചവരായി ആന്തരിക കണ്ണ് തുറന്ന് ചുറ്റും നടക്കുന്നത് തിരിച്ചറിയുന്നവരായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രക്ഷണ്യപ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മിഷന്‍ നടത്തുന്ന ചുവ ടുവയ്പുകളെ അനുഗ്രഹിക്കുന്ന ദൈവത്തിന് അദ്ദേഹം നന്ദി അര്‍പ്പിച്ചു. ഒന്നാം ദിനം പാസ്റ്റര്‍ പ്രിന്‍സ് തോമസ്, രണ്ടാം ദിനം പാസ്റ്റര്‍ പോള്‍സണ്‍ സ്റ്റീഫന്‍ മൂന്നാം ദിനം പാസ്റ്റര്‍ അനീഷ് കാവാലം നാലാം ദിനം ജോയി പാറക്കല്‍ എന്നിവര്‍ രാത്രിയോഗങ്ങളില്‍ ദൈവവചനം പങ്കുവെച്ചു.
വ്യാഴാഴ്ച്ച പകല്‍ 10 മണി മുതല്‍ സഹോദരി മാരുടെ യോഗം നടന്നു. ഫെയ്ത്ത് ക്രിസ്ത്യന്‍ വിമണ്‍സ് അസോസിയേഷന്‍ കേരളാ റീജന്‍ പ്രസിഡന്‍റ് സഹോദരി രമണി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം എഫ്. സി. ഡബ്ളിയൂ.എ. ജനറല്‍ പ്രസിഡന്‍റ് സഹോദരി എലിസബേത്ത് സാമുവല്‍ ഉദ്ഘാടനം ചെയ്തു. സഹോദരി ഒമേഗാ സുനില്‍ മുഖ്യസന്ദേശം നല്‍കി.
വെള്ളിയാഴ്ച പകല്‍ 10.30 മുതല്‍ ശുശ്രൂഷകന്‍മാരുടെ സമ്മേളനം നടന്നു. പാസ്റ്റര്‍ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാസ്റ്റര്‍ ജോയി സി. മാത്യു ദൈവനീതി എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകള്‍ നയിച്ചു. സുവിശേഷകര്‍ കുടുംബമായി യോഗത്തില്‍ പങ്കെടുത്തു.
മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 10.30 ന് ഫെയ്ത്ത് സെലിബ്രേഷന്‍ ബൈബിള്‍ കോളജിന്‍റെ 9-ാമത് ബിരുദദാന സമ്മേളനം നടന്നു. ഡോ. സന്തോഷ് ജോണ്‍ മുഖ്യസന്ദേശം നല്‍കി. 9 യുവതീയുവാക്കള്‍ കോളജ് ഡയറക്ടര്‍ പാസ്റ്റര്‍ എം. സാമുവല്‍കുട്ടിയില്‍ നിന്നും ബിരുദം ഏറ്റു വാങ്ങി.
ഉച്ചയ്ക്ക് ശേഷം നടന്ന പുത്രികാസംഘടനകളുടെ വാര്‍ഷിക മീറ്റിംഗില്‍ എഫ്. സി. വൈ. എം. പ്രസിഡന്‍റ് പാസ്റ്റര്‍ ജോയി ജോസഫ് അദ്ധ്യക്ഷനായിരുന്നു. വിവിധ സഭകളില്‍ നിന്നുള്ള പ്രോഗ്രാമുകള്‍ ഈ മീറ്റിംഗിന്‍റെ മാറ്റു കൂട്ടി.
ഞായറാഴ്ച രാവിലെ 8.30 ന് സ്നാനത്തിന്‍റെ ക്ലാസ്സ് പാസ്റ്റര്‍ തോമസ് മാത്യു നയിച്ചു. 9 മണിക്ക് കര്‍ത്തൃദാസന്‍ പാസ്റ്റര്‍ എം. സാമുവല്‍കുട്ടിയുടെ കൈകീഴില്‍ 8 പേര്‍ സ്നാനമേറ്റ് ക്രിസ്തുവിനോടു ചേര്‍ന്നു. രാവിലെ 10ന് ഐക്യആരാധന ആരംഭിച്ചു. ഫെയ്ത്ത് ഫെലോഷിപ്പ് ചര്‍ച്ച് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ബിനോയി പി. ജോണ്‍ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ പാസ്റ്റര്‍ സാം വില്യം സങ്കീര്‍ത്തനം 85:6 ആസ്പദമാക്കി സങ്കീര്‍ത്തനപ്രബോധനം നടത്തി. തുടര്‍ന്ന് വചന ശുശ്രൂഷ പാസ്റ്റര്‍ സുമേഷ് പി. ലാസര്‍, സഭാ പ്രസിഡന്‍റ് പാസ്റ്റര്‍ എം. സാമുവല്‍കുട്ടി എന്നിവര്‍ നിര്‍വ്വഹിച്ചു. പ്രസംഗാനന്തരം വടശ്ശേരിക്കര സഭയില്‍ നിന്നുള്ള ജിനു-സുമ ദമ്പതികളുടെ മകന്‍റെ പ്രതിഷ്ഠാ ശുശ്രൂഷയും വിശുദ്ധ തിരുവത്താഴ ശുശ്രൂഷയും പാസ്റ്റര്‍ എം. സാമുവല്‍കുട്ടി നടത്തി. തുടര്‍ന്ന് നടന്ന സ്നേഹവിരുന്നോടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. ഫെയ്ത്ത് സീയോന്‍ സിംഗേഴ്സും, ഫെയ്ത്ത് ബാന്‍റും ഈ ദിനങ്ങളില്‍ ഗാനങ്ങളാലപിച്ചു.

(Pictures added in Photo Gallery )

Leave a Reply

Your email address will not be published. Required fields are marked *