Latest Viswasi Editorial : സമര്‍പ്പണത്തോടെ വീണ്ടും…

കര്‍ത്താവില്‍ പ്രിയ സഹോദരങ്ങളെ,
ഞാനീ വരികള്‍ കുറിക്കുമ്പോള്‍ സമ്മിശ്ര വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ എന്‍റെ മനസ്സില്‍ നടക്കുന്നുണ്ട്. 1991ലാണ് വിശ്വാസ ധ്വനി എന്ന പേരില്‍ ഒരു ത്രൈമാസിക പ്രസിദ്ധീകരിക്കുന്നത്. ഒരു ബുക്ക്ലെറ്റ്
ആകൃതിയില്‍ ഇതിന്‍റെ നാലു ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു ഇന്ത്യന്‍ ക്രിസ്ത്യന്‍ മിഷന്‍റെയും ഫെയ്ത്ത് ഫെല്ലോഷിപ്പ് ചര്‍ച്ചുകളുടേയും പ്രവര്‍ത്തനങ്ങള്‍ വിശേഷിച്ചും ഉത്തരേന്ത്യന്‍ സുവിശേഷ വേല പൊതുവെയും ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികളായ വായനക്കാര്‍ക്ക് പരിചയപ്പെടു ത്തുന്നതിനും, അവരുടെ ആത്മിക വര്‍ധനയ്ക്കും അപ്പോള്‍ തന്നെ അവിശ്വാസികളെ ഉന്നമാക്കിയ സുവിശേഷപ്രചരണത്തിനും ഉതകുന്ന (സുവിശേഷ) യാത്രാവിവരണങ്ങള്‍, വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത ലേഖനങ്ങള്‍, സാമാന്യ ലേഖനങ്ങള്‍, പംക്തികള്‍, സാക്ഷ്യങ്ങള്‍, കഥകള്‍, കവിതകള്‍, ഭാവനകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് ഇടം നല്‍കുക എന്നത് പ്രസിദ്ധീകരണ ലക്ഷ്യവും ആയിരുന്നു. തുടര്‍ന്ന് രൂപപരിണാമവും പേരില്‍ മാറ്റവും വരുത്തി ഒരു പുതിയ പ്രസിദ്ധീകരണമായി തന്നെ വിശ്വാസി 1997ല്‍ തുടങ്ങിയപ്പോള്‍ സുദീര്‍ഘമായ ഇരുപത് വര്‍ഷങ്ങള്‍ ഇത് നടത്തിക്കൊണ്ട് പോകാന്‍ കഴിയുമെന്ന് ചിന്തിച്ചതേയില്ല. ഇത്രത്തോളം നടത്തിയ ദൈവത്തിന് എല്ലാ സ്തുതിയും സ്ത്രോത്രവും കരേറ്റുന്നു.
            വിശ്വാസി പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത് മുതല്‍ ഇതുവരെ നിങ്ങളുടെ കൈയ്യില്‍ എത്തുന്ന ടാബ്ലോയിഡ് ആകൃതിയിലാണ്. നാല് പുറങ്ങള്‍. ജനറല്‍ കണ്‍വെന്‍ഷന്‍ നടന്നതിന് ശേഷമുള്ള ലക്കമാണെങ്കില്‍ ചിലപ്പോള്‍ കൂടുതല്‍ പുറങ്ങള്‍ കാണും. മിക്കവാറും ഓരോ പ്രസിദ്ധീകരണ വര്‍ഷം തികയുമ്പോള്‍ മാസികയെക്കുറിച്ച് പത്രാധിപ ലേഖനം എഴുതാറുണ്ട്. ഈ ലക്കവും മാസികയെക്കുറിച്ച് തന്നെയാണ് എഴുതുന്നത്. സ്വന്തം ഈമെയില്‍ അഡ്രസ് ഞങ്ങള്‍ക്ക് അയച്ചുതന്നിട്ടുളള വായനാ മിത്രങ്ങള്‍ക്ക് എല്ലാം ഞങ്ങള്‍ മാസികയുടെ പി.ഡി.എഫ്. പതിപ്പ് ചില വര്‍ഷങ്ങളായി അയച്ചുകൊടുക്കുന്നുണ്ട് അതോടൊപ്പം ഇന്ത്യന്‍ ക്രിസ്ത്യന്‍ മിഷന്‍റെ വെബ്സൈറ്റിലും  (www.indianchristianmission.com) മാസിക പി.ഡി.എഫ്. ആയി ലഭ്യമാണ്. ഈ ലക്കത്തിനു ശേഷം ഇനിയും മാസികയുടെ പി.ഡി.എഫ്. പതിപ്പേ പ്രസിദ്ധീകരിക്കുന്നുള്ളു. ലോകത്തിലെ മിക്ക സ്ഥലങ്ങളിലും വിശേഷിച്ച് പാശ്ചാത്യരാഷ്ട്രങ്ങളില്‍ മിക്ക ദിനപത്രങ്ങളും വാരികകളും മാസികകളും അച്ചടിപതിപ്പുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ നിര്‍ത്തലാക്കിയിരുന്നു. സാമ്പത്തിക ബാധ്യതയായിരുന്നു ഇവര്‍ക്ക് പ്രതിബന്ധമായത്. ഞങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധി തന്നെയാണ് പ്രിന്‍റ് വേര്‍ഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതിന് കാരണമായി ഭവിച്ചത്. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പത്രകടലാസിന്‍റെ വിലയും മുദ്രണ ചിലവുകളും വലിയ സാമ്പത്തിക ബാധ്യതകള്‍ വരുത്തി വെയ്ക്കുന്നു.
ഒരു വിടവാങ്ങല്‍ കുറിപ്പായി ഇതിനെ തെറ്റിദ്ധരിക്കരുതേ! മാസിക പ്രസിദ്ധീകരണം നിര്‍ത്തുന്നില്ല. പി.ഡി.എഫ്. പതിപ്പേ ഇനി മുതല്‍ ഉണ്ടായിരിക്കുകയുള്ളു എന്ന് മാത്രം. എനിക്കറിയാം, പത്രകടലാസ് വായിച്ചു ശീലിച്ചവര്‍ക്ക് കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍ സ്ക്രീനില്‍ വാര്‍ത്തകളും ലേഖനങ്ങളും മറ്റും വായിക്കുന്നത് അത്ര സുഖകരമായ അനുഭവം അല്ല എന്നത്. മാത്രമല്ല, വായനക്കാരില്‍, വിശേഷിച്ച് പഴയ തലമുറയില്‍ പെട്ടവരില്‍ കമ്പ്യൂട്ടറോ സ്മാര്‍ട്ട്ഫോണോ ഉപയോഗിക്കാന്‍ അറിയാത്തവരും കാണും. എന്നാല്‍, ദൈവനാമത്തില്‍ ഞങ്ങളോട് തുടര്‍ന്നും സഹകരിക്കേണമേ എന്ന് അപേക്ഷിക്കുകയാണ്. പി.ഡി.എഫ്. പതിപ്പ് പരിചയമില്ലാത്തവര്‍ പരിചയമുള്ളവരുടെ സഹായം ലഭ്യമാക്കി വായന തുടരുന്നത് നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സന്തോഷകരമായിരിക്കും. ഇടയ്ക്കിടക്ക് വിശ്വാസി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകങ്ങള്‍ വഴി ഞങ്ങള്‍ അച്ചടി മാധ്യമത്തിലൂടെ വായനക്കാരുമായി സംവദിക്കുന്നത് തുടരും. വിശ്വാസി ദശവത്സര സ്മരണിക, വിശ്വാസി പത്രാധിപ ലേഖനങ്ങളുടെ സമാഹാരമായ വിശ്വാസ സംവാദങ്ങള്‍ എന്നീ പുസ്തകം ഐ.സി.എം ദശവത്സര, രജതജൂബിലി സ്മരണികള്‍, വിശ്വാസഗീതങ്ങള്‍ എന്ന പാട്ടുപുസ്തകത്തിന്‍റെ 3 പതിപ്പുകള്‍ പ്രശസ്ത ക്രൈസ്തവ എഴുത്തുകാരുടെ പുസ്തകങ്ങള്‍ മുതലായവ ഞങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ച സംരംഭങ്ങളില്‍ പെടും.
അച്ചടി പതിപ്പ് നിര്‍ത്തുന്നു എന്ന് വച്ച് വിശ്വാസിയുടെ ഉള്ളടക്കത്തിന് യാതൊരു മാറ്റവും സംഭവിക്കുവാന്‍ പോകുന്നില്ല. കാമ്പുള്ള ലേഖനങ്ങളും അര്‍ത്ഥവ്യാപ്തിയുള്ള കവിതകളും ആശയഗാംഭീരമുള്ള കഥകളും വിശകലനബുദ്ധിയോടുള്ള പംക്തികളും മറ്റും നിങ്ങളുടെ അകത്തെ മനുഷ്യനെ പരിപോഷിപ്പിക്കുന്നത് തുടരും. വിശ്വാസിയുടെ നാളിതുവരെയുള്ള പ്രസിദ്ധീകരണ ചരിത്രത്തില്‍ വ്യാജവാര്‍ത്തകള്‍ നല്‍കുകയോ വാര്‍ത്തകള്‍ വളച്ചൊടിക്കുകയോ ഏതെങ്കിലും ഒരു വ്യക്തിക്കോ വിഭാഗത്തിനോ അപമാനകരമായ വാര്‍ത്തകള്‍ കൊടുക്കുകയോ ചെയ്തിട്ടില്ല. അപ്പോള്‍തന്നെ, ദൈവസഭയ്ക്കും സുവിശേഷത്തിനും മനഃപൂര്‍വ്വം നാണക്കേട് വരുത്തുന്ന വ്യക്തികള്‍ക്കും ഉപദേശപ്പിശകുകള്‍ക്കും ദുഷ്പ്രവണതള്‍ക്കും എതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കാനും ഞങ്ങള്‍ മടിച്ചിട്ടില്ല. പലപ്പോഴും പലതിനെയും രൂക്ഷമായ ഭാഷയില്‍ തന്നെ ഞങ്ങള്‍ അപലപിച്ചിട്ടുണ്ട്., നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം സഭ്യതയുടെയും ക്രൈസ്തവ മാധ്യമ പെരുമാറ്റ ചട്ടങ്ങളുടേയും അതിര്‍വരമ്പുകള്‍ക്ക് അകത്തു നിന്നുകൊണ്ട് തന്നെയായിരുന്നു. ഒരിക്കല്‍ പോലും മഞ്ഞ പത്രങ്ങളുടെ ഒരു ശൈലിപോലും ഞങ്ങള്‍ കടം കൊണ്ടിട്ടില്ല എന്ന് ധൈര്യസമേതം ഞങ്ങള്‍ക്ക് അവകാശപ്പെടാനാവും.
ഒരു ക്രൈസ്തവ മാസികയുടെ കാര്യം പറയുമ്പോള്‍ എന്തിന് മഞ്ഞപത്ര ശൈലിയെ ക്കുറിച്ച് പ്രതിപാദിക്കണം എന്ന ചോദ്യം ഉയരാം. കാരണം രണ്ടും കടക വിരുദ്ധമായവയല്ലേ? എന്നാല്‍ ചില പത്രങ്ങളെങ്കിലും വ്യക്തിവിരോധം, സ്വഭാവഹത്യ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ക്രൈസ്തവ മാധ്യമ പ്രവര്‍ത്തനത്തെ ഉപകരണമാക്കിയതായി കാണാന്‍ കഴിയുന്നു. തരംതാണ ഭാഷയും നിലവാരമില്ലാത്ത ആശയങ്ങളും ഇത്തരം പ്രസിദ്ധീകരണങ്ങളെ അപഹാസ്യമാക്കുന്നു. അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ഉറപ്പിച്ച് പറയുന്നത്, വ്യര്‍ത്ഥവും വികലവുമായ നിരൂപണങ്ങള്‍ ആധാരമാക്കിയല്ല ഞങ്ങള്‍ എഴുതുന്നത്.
ഈ പംക്തിയില്‍ ആവര്‍ത്തിച്ചിട്ടുള്ള ഒരു പ്രസ്താവനയാണ് മാധ്യമം തന്നെയാണ് സന്ദേശം എന്നുള്ളത്. പ്രശസ്ത കനേഡിയന്‍ മാധ്യമ വിശാരദന്‍ ഹെര്‍ബെര്‍ട്ട് മാര്‍ഷല്‍ മക്ലൂഹന്‍ (1911-1980) മുന്നോട്ടു വച്ച ഒരു പ്രസ്താവം കടമെടുത്താണ് ചില വാക്കുകള്‍ കുറിക്കുന്നത്. ഒരു മാധ്യമത്തിലെ ഏതെങ്കിലും ഒരു ഉള്ളടക്കം മാത്രമല്ല സന്ദേശമായിരിക്കേണ്ടത്, ആ മാധ്യമം മൊത്തമായും സന്ദേശമായിരിക്കണം. അതുപോലെ തന്നെ വിശ്വാസി എന്ന മാസികയിലെ ഉള്ളടക്കം മാത്രമല്ല മാസിക മൊത്തമായും ഒരു സന്ദേശമായിരിക്കണം. അതിന്‍റെ പ്രസാധകരും അങ്ങനെതന്നെയായിരിക്കേണം. അതിന്‍റെ ഓരോ വായനാ സഹകാരിയും മറ്റുള്ളവര്‍ക്ക് ഒരു സന്ദേശമായിരിക്കണം എന്നത് അത്രേ ഞങ്ങളുടെ തീവ്രമായ ആഗ്രഹം. ഉത്തമവിശ്വാസത്തിന്‍റെ പ്രതീകമായാണ് വിശ്വാസി മാസിക നിലനില്‍ക്കുന്നത്; ആയതിനാല്‍ ഈ ഉത്തമ വിശ്വാസത്തിന്‍റെയും രക്ഷണ്യസുവിശേഷത്തിന്‍റേയും സന്ദേശം ആയി മുന്നേറി സമൂഹത്തെ സ്വാധീനിക്കുക എന്ന കടമയാണ് മാസിക നാളിതുവരെ നിര്‍വ്വഹിച്ചു വരുന്നത്.
ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതിയതായി സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങള്‍ തന്നെ. ഞങ്ങളുടെ ശുശ്രൂഷയാല്‍ ഉണ്ടായ ക്രിസ്തുവിന്‍ പത്രമായി നിങ്ങള്‍ വെളിപ്പെടുന്നുവല്ലോ. അത് മഷികൊണ്ടല്ല ജീവനുള്ള ദൈവത്തിന്‍റെ ആത്മാവിനാല്‍ അത്രേ. കല്പലകയില്‍ അല്ല, ഹൃദയമെന്ന മാംസപ്പലകയില്‍ തന്നേ എഴുതിയിരിക്കുന്നത് (2 കൊരിന്ത്യര്‍ 3: 2,3). വിശുദ്ധ പൗലൊസിന്‍റെ വാക്കുകളെ വ്യാ ഖ്യാനിക്കേണ്ട ആവശ്യം ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല. ജീവനുള്ള ദൈവത്തിന്‍റെ ആത്മാവിനാല്‍ മാംസപലകയില്‍ തന്നെ എഴുതിയിരിക്കുന്ന ക്രിസ്തുവിന്‍റെ പത്രമായി, ജീവനുള്ള സന്ദേശമായി നാം നിലനില്‍ക്കുന്നത് തുടരാം. വ്യക്തികളെയും സമൂഹങ്ങളേയും സ്വാധീനിച്ച് രൂപാന്തരപ്പെടുത്താം.
ഈ നിര്‍ണായക ഘട്ടത്തില്‍ ചില സ്മരണകള്‍ അയവിറക്കുകയാണ്. പലപ്പോഴും വിശേഷിച്ച് ഞാന്‍ പൂര്‍ണ്ണ സമയ ശുശ്രൂഷ ചെയ്യാന്‍ തുടങ്ങിയ സമയങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമായ സാമ്പത്തിക സ്രോതസ്സു കള്‍ ഇല്ലാതെ വിഷമിച്ചപ്പോള്‍ ഓരോ മാസവും മാസിക ഇറക്കുക വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍, ഇത് വരെ ഇത്രത്തോളം ഭംഗിയായി ഇതൊരു ശുശ്രൂഷയായി തന്നെ കണ്ടുകൊണ്ട് നിര്‍വ്വഹിക്കുവാന്‍ ദൈവം കൃപ ചെയ്തു. മിഷനോടുള്ള ബന്ധത്തില്‍ ഞാനും കുടുംബവും സഹപ്രവര്‍ ത്തകരും അഭിമുഖീകരിച്ച വെല്ലുവിളികള്‍, ഞങ്ങള്‍ ചെയ്ത അസംഖ്യം യാത്രകള്‍, ഞങ്ങള്‍ കടന്നുപോയ വ്യത്യസ്തമായ അനുഭവങ്ങള്‍, ഞങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍, ഇവയെല്ലാം അനേകരോട് പങ്ക് വയ്ക്കുവാന്‍ ഈ മാസികയുടെ താളുകളിലൂടെ കഴിയുന്നു എന്നുള്ളത് ചാരിതാര്‍ഥ്യം പകരുന്നു. മാസികയ്ക്ക് വേണ്ടി എഴുതുന്നതും അന്യ പത്രാധിപ ചുമതല കള്‍ നിര്‍വ്വഹിക്കുന്നതും എനിക്ക് വളരെ ഏറെ സര്‍ഗ്ഗാത്മക സംതൃപ്തി പ്രദാനം ചെയ്യുന്ന പ്രവൃത്തികളാണ്.
ഈ മാസികയിലാണ് പലരും തങ്ങളുടെ ആദ്യ കൃതി പ്രകാശനം ചെയ്തു കണ്ടത്. പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാര്‍ ഇതില്‍ എഴുതുന്നു. ചിലര്‍ അവരുടെ എഴുത്ത് തേച്ചുമിനുക്കിയത് വിശ്വാസിയിലൂടെയാണ്. ഇന്ന് എഴുത്ത് പൂര്‍ണ്ണമായോ ഭാഗികമായോ ഒരു തൊഴിലായി സ്വീകരിച്ചവരായി അവരില്‍ ചിലരെങ്കിലും ഉണ്ട്. സര്‍ഗ്ഗാത്മക രചന, പരിഭാഷ, പത്രാധിപ ജോലികള്‍ തുടങ്ങിയവ ഈ മാസികയിലെ എഴുത്തു കളരിയിലൂടെ ചിലര്‍ സ്വായത്തമാക്കി എന്നുള്ള വസ്തുത ഇതിന്‍റെ പ്രസാധകനും മുഖ്യപത്രാധിപരും എന്ന നിലയ്ക്ക് എനിക്ക് അല്പമല്ലാത്ത ആനന്ദം പകരുന്നു.
വിശ്വാസി പത്രാധിപ സമതിയില്‍ കാലാകാലങ്ങളായി സേവനം അനുഷ്ഠിക്കുന്നവരോടുള്ള എന്‍റെ അകൈതവമായ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. അവര്‍ ഈ പ്രിയപ്പെട്ട സഹോദരങ്ങളാണ്;

യൂജിന്‍ ബി. സാം

അനില്‍ കുമാര്‍ ജി.

പാസ്റ്റര്‍ സുരേഷ് ഏബ്രഹാം

ഏബ്രഹാം ജോണ്‍

ബോവസ് മണലയത്തില്‍

തോമസ് ഡാനിയേല്‍

ഷെറിന്‍ പി. വര്‍ഗ്ഗീസ്,

ജോണ്‍ ടി. വര്‍ഗ്ഗീസ്,

ബ്ലസ്സന്‍ ജി. ശാമുവേല്‍,

പാസ്റ്റര്‍ സാം വില്‍ഫ്രഡ്,

ഷിബു തമ്പി,

പാസ്റ്റര്‍ ബിജു ബെഞ്ചമിന്‍,

പാസ്റ്റര്‍ ബിനോയി പി. ജോണ്‍.
പംക്തികളിലൂടെ മാസികയുടെ താളുകളെ സമ്പുഷ്ടമാക്കിയവര്‍ക്കും അകം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. പംക്തികളും എഴുത്തുകാരും:

പ്രഭാതധ്യാനം – സഹോദരി എലി സബത്ത് സാമുവല്‍,

പാര്‍ശ്വവീക്ഷണം, ഉറവ – ഇവ. ജോണ്‍ ശാമുവേല്‍ മണക്കാല,

മിഷനറിമാരുടെ അനുഭവങ്ങളില്‍ നിന്നും – ബ്ലസ്സന്‍ ജോണ്‍ മലയില്‍,

നേര്‍രേഖ, വിജ്ഞാനത്തി ന്‍റെ കിളിവാതില്‍, മാധ്യമ അവലോകനം- തോമസ് ഡാനിയേല്‍,

നേര്‍മൊഴി- ജോണ്‍ ടി. വര്‍ഗ്ഗീസ്,

വേദവിചാരം -പാസ്റ്റര്‍ ബിജു ബെഞ്ചമിന്‍,

മിഷനറി വര്യര്‍ പാസ്റ്റര്‍ ജെ. യേശുനാഥദാസ്,

വിശ്വാസി അറിഞ്ഞിരിക്കേണ്ടവ- പാസ്റ്റര്‍ ബിജു തങ്കച്ചന്‍ (മും ബൈ),

വചന ദീപ്തം – പാസ്റ്റര്‍ മനോജ് തമ്പി.
ദീര്‍ഘവര്‍ഷങ്ങളായി പ്രൊഡക്ഷന്‍-സര്‍ക്കുലേഷന്‍ മാനേജരായി പ്രവര്‍ത്തിച്ച സഹോദരന്‍ രാജന്‍ മാത്യു, സഹോദരന്‍ ചെറിയാന്‍ ഡാനിയേല്‍ എന്നിവരോടുള്ള ഹൃദയാംഗമായ നന്ദി ഇത്തരുണത്തില്‍ അറിയിക്കുന്നു. മാസിക ഭംഗിയായി ഡിടിപി ചെയ്ത് സഹായിച്ച വിശ്വാസി ഗ്രാഫിക്സിലെ മിസ്സിസ് ലത സുരേഷ്, ഷാജി തോമസ്, ബ്ലസ്സന്‍ ബേബി, സുധീഷ് പി. ലാസര്‍, ഷിബു തമ്പി എന്നിവരോടും നീണ്ട 21 വര്‍ഷം ഭംഗിയായി മുദ്രണചുമതല നിര്‍വ്വഹിച്ച ന്യുലൈഫ് പ്രിന്‍റേഴ്സിനോടുമുള്ള നന്ദിയെ അറിയിക്കുന്നു.
കൂടാതെ, മാസികയുടെ ഇത് വരെയുള്ള പ്രസിദ്ധീ കരണ പ്രയാണത്തില്‍ പ്രാര്‍ത്ഥനകളിലൂടെയും ധനസംഭാവന കളിലൂടെയും സമയ വിനിയോഗത്തിലൂടെയും സഹായിക്കു കയും സഹകരിക്കുകയും ചെയ്ത അനേക പ്രിയപ്പെട്ടവരുണ്ട്. എല്ലാവരോടും എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ. തുടര്‍ന്നും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു പ്രസിദ്ധീക രണത്തിന് വായനക്കാര്‍ ഇല്ലെങ്കില്‍ അത് ഉന്നം തെറ്റി പായുന്ന ഒരു പാഴ് വസ്തു പോലെയുള്ളു. വിശ്വാസി മാസികയെ ലക്ഷ്യബോധത്തോട് മുമ്പോട്ട് കൊണ്ട് പോകുന്നതില്‍ പ്രിയ വായനക്കാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നിങ്ങളോടുള്ള നന്ദി വാക്കുകള്‍ക്ക് അതീതമാണ്. തുടക്കത്തില്‍ അപേക്ഷിച്ചതുപോലെ പി.ഡി.എഫ്. ഫോര്‍മാറ്റിന്‍റെ വായനക്കാരായി തുടരും എന്ന് വിശ്വസിക്കുന്നു.
ദൈവം നമ്മെ ഏവരെയും വിശ്വാസി മാസികയിലൂടെ അനുഗ്രഹിക്കുന്നത് തുടരും എന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് ദൈവ കരങ്ങളില്‍ സമര്‍പ്പിക്കുന്നു…

Pastor Samuelkutty Mathai

Leave a Reply

Your email address will not be published. Required fields are marked *